ഭ്രാന്തൻ's image
Share0 Bookmarks 14 Reads0 Likes

ഉറക്കെയുറക്കെ അലറിച്ചിരിക്കുന്ന

വഴിതെറ്റിയ ചിന്തകൾ പിടിമുറുക്കുന്ന  

അലസമാം മനസ്സിന്റെ വിഴുപ്പുകൾ 

ചുമന്നുകൊണ്ടലയുന്നവൻ ഭ്രാന്തൻ..


കാണുന്ന മാത്രയിലുള്ളിന്റെയുള്ളിൽ

ഭയമുളവാക്കുന്ന ചേഷ്ടകൾ കാട്ടി

ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ട്

അകലെയിരുന്നൊന്ന് തുറിച്ചു നോക്കി

തലയൊന്നിളക്കിയാട്ടുന്നവൻ ഭ്രാന്തൻ..


മുഷിഞ്ഞു നാറുന്ന ഉടുതുണിയാലേ

വിഭ്രാന്തിയിൽപ്പെട്ടെന്തിനെന്നറിയാതെ

നെട്ടോട്ടമോടുന്ന നേരത്തൊരുനേരം 

ഭിക്ഷയായ് കിട്ടുന്നൊരുപിടി ചോറിന്റെ 

രുചിപോലുമെന്തെന്നറിയാത്തവൻ ഭ്രാന്തൻ..


വാർന്നൊലിയ്ക്കുന്ന മുറിവുകളുണ്ടെങ്കിലും

സഹിക്കുവാനാകാത്ത വേദനയുണ്ടെങ്കിലും 

ഒന്നുമേ തിരിച്ചറിയുവാനാകാതെ 

എവിടേക്കെന്നില്ലാതെയെങ്ങോട്ടെന്നില്ലാതെ 

എന്തിനെയോതേടി പായുന്നവൻ ഭ്രാന്തൻ.


ബന്ധങ്ങളില്ലാതെ ബന്ധനങ്ങളില്ലാതെ 

സ്വാതന്ത്ര്യത്തിന്റെ ചിറകുകളിൽ തേരേറി

സ്വതന്ത്രചിന്തകളുടെ അധിപനായി മാറീട്ടും 

ഇരുട്ടിന്റെ തീരത്ത് ഏകനായ് കഴിഞ്ഞിട്ടും

സ്വാതന്ത്ര്യത്തിന്നതിമധുരം നുണയാത്തവൻ ഭ്രാന്തൻ..


എങ്കിലും..


പണ്ടൊരിയ്ക്കലെപ്പോഴെങ്കിലുമൊരുപിടി

സ്വപ്‌നങ്ങൾ നെയ്‍തവനാകാം..

സ്നേഹബന്ധങ്ങളുടെ കൂരക്ക് കീഴിൽ 

ആനന്ദമോടെ കഴിഞ്ഞവനാകാം..

അറിവുകളൊത്തിരി നേടിയവനാകാം..

നോവുകളേറെയും ഏറ്റുവാങ്ങിയവനാകാം..

ആരറിയുന്നവന്റെയുള്ളകം..

ആർക്കറിയണമവന്റെയുള്ളകം.....


©Soumya Gopalakrishna


No posts

Comments

No posts

No posts

No posts

No posts