വടവൃക്ഷം /കവിത / സുഗതൻ വേളായി's image
Poetry3 min read

വടവൃക്ഷം /കവിത / സുഗതൻ വേളായി

sugathanvelayi34sugathanvelayi34 August 23, 2022
Share0 Bookmarks 10 Reads0 Likes

വടവൃക്ഷം (കവിത) സുഗതൻ വേളായി


പാതയോരത്തെ തണൽവിരി-

ച്ചൊരുക്കുമീ വടവൃക്ഷത്തിൻ

മാറിലേതു മർത്ത്യൻ്റെ

വൻമഴുവാഞ്ഞുപതിക്കുന്നുവോ?


     ഏതമാന്യൻ്റെനാക്കിൽനിന്നു -

     യിർത്തുവന്നതീ നശിച്ചവാക്കുകൾ ?

     ഏതധികാരിതൻതിട്ടൂരം?

     കല്ലേപ്പിളർക്കുമീപാതകമോതിയ

     കാട്ടാളനവനേതു കാലത്തിൽ,

     കുലത്തിൽ പിറന്നവൻ?!


ഹേ- സോദരാ കാരണമുരയുക?

ഞാനെൻ മൗനവാത്മീകത്തിൽ

നിന്നുമുയർത്തീ,

പ്രതിഷേധത്തിൻകുന്തമുന.


       " എല്ലാമോരോകളികൾ

        നിങ്ങൾ -

        സമ്മതിദാനം നൽകി വളർത്തിയ

        നേതാക്കൾ തൻകളികൾ?!

        ഞാനെൻ കർമ്മം ചെയ്യുന്നത്രേ -

        നെൻ്റെ കുടുംബം എൻ്റെ വയർ".

        വൻമഴു തെല്ലിടചാരെ നിർത്തി

        മൊഴിഞ്ഞവനുള്ളം പൊള്ളും

        പരമാർത്ഥം?!


"രാഷ്ട്രീയത്തിൽ പോരുവളർത്തീ-

തീപ്പക തീണ്ടിയ കാലത്തെന്നോ,

കുത്തേറ്റ് പിടഞ്ഞുമരിച്ചൊരു

നേതാവിൻ്റെ- പാവനസ്മരണ

യിലുയരുംപോലും പുതിയൊരു

വെയിറ്റിങ്ങ് ഷെൽട്ടർ !"


        കൂടുപൊളിച്ച്പറന്നെന്നോർമ്മകൾ

        കുട്ടിക്കാലപാതയിറമ്പിൽ.

        ജീവിതഭാരംതലയിൽപ്പേറി

        നടന്നുതളർന്നുവരുന്നോരമ്മ!

        ഉച്ചവെയിലിൽപൊരിയും

        ചെമ്മൺപാതയിലുച്ചിയും

        പാദവും പൊള്ളി നടന്നൂ

        കിതപ്പായ് ഞാനും!

                 


ഇളവേൾക്കാനിത്തിരിനേരം

തീച്ചൂട് മറച്ചു പിടിക്കാൻ

കുടചൂടി തണലുവിരിച്ചും

കുളിരേകാൻ കാറ്റു വിരിച്ചും

കിളിനാദം കേൾപ്പിച്ചെന്നേ

താരാട്ടീണം പാടിയുറക്കിയ

ജടമുറ്റിയ മുത്തശ്ശിയാണിവൾ!


    ചില്ലിച്ചകൈകളാം

    ചില്ലകൾനീട്ടി നീ--

    യെത്രപറവകൾക്കാശ്രയമേകിയോൾ ?

    തൂക്കണാം കുരുവിതൻകൂടുകൾ

    കിളിക്കൊഞ്ചലായ്     

    വിരിയിച്ചെടുത്തിവൾ!'

    നിൻ ശാഖിയിലിളംതെന്നലിൽ

    മൗനമന്ത്രംപൊഴിച്ചുവോയിലകൾ!


"ആൽത്തറമുക്കിലിറങ്ങുകവേഗം"

ബസ്സിൽ 'കിളി'യുടെ ചൂരുംമൊഴിയും!?

"ഡ്രൈവർ ഒന്ന് നിറുത്തീ-

നാൽത്തറമുക്കിൽ"

കാതിൽ വന്നുനിറഞ്ഞോ?

കനിമൊഴിതൻ തരുണീ നാദം!'

എല്ലാമോർമ്മകൾ- ഹൃത്തിൽ

പച്ചപിടിച്ചു തളിർത്തോരോർമ്മകൾ!


     ഹേ,സോദരാ-നിൻവെൺമഴുവെത്ര

     കിണഞ്ഞു ശ്രമിച്ചാലും

     മുറിഞ്ഞു വീഴില്ലയീ വൻവൃക്ഷം

     മുറിഞ്ഞുവീഴുക നിൻമഴുവെന്നേവരൂ.


എന്തെന്നാലീമരം

ഗ്രാമസൗന്ദര്യം വരം

നമ്മൾതൻ മരമുത്തശ്ശി!

വേരുകളാഴ്ത്തി പടർന്ന്,

പന്തലിച്ചു നിൽക്കുമോരോ

ഹൃദയത്തിലുമണുവിലും

ഇനി വരുംതലമുറയിലും.

   

       ഇനിയുമേറെ മാമരം വീഴിലും

       നാടുനീളെ സ്മാരകമുയരണം.

       കാത്തിരിപ്പിൻതെരു-

       വോരത്തിരുന്നു നാം

       അയവിറക്കുക, പോയകാലങ്ങളെ....!No posts

Comments

No posts

No posts

No posts

No posts