ഉപ്പ് രുചിയുള്ള മേരിബിസ്ക്കറ്റ് / ഓർമ്മ / സുഗതൻ വേളായി's image
Story10 min read

ഉപ്പ് രുചിയുള്ള മേരിബിസ്ക്കറ്റ് / ഓർമ്മ / സുഗതൻ വേളായി

sugathanvelayi34sugathanvelayi34 August 23, 2022
Share0 Bookmarks 5 Reads0 Likes

ഉപ്പ് രുചിയുള്ള മേരിബിസ്കററ്(അനുഭവം) സുഗതൻ വേളായി

    അച്ഛനെ ഞാൻ എന്നാണ് ആദ്യമായി കാണുന്നത്?

കുഞ്ഞോർമ്മകളുടെ കുഴമറിച്ചലുകളിൽ

നിന്ന് ഒന്നുംവേർതിരിച്ചെടുക്കാനാവുന്നില്ല.

 അച്ഛൻ്റെ വിരലിൽ തൂങ്ങി നടന്ന കുട്ടിക്കാലമോ "അച്ചനോട് പറയും "എന്ന് അമ്മമാർ പറയാറുള്ള അടിയുടെ പേടിപ്പെടുത്തലുകളോ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല. 

    കിട്ടൻ ശിപായി ഇടവഴിയിലെ കോണി ചുവട്ടിൽ നിന്നുംനീട്ടി വിളിച്ചിരുന്നത് അച്ഛൻ്റെ കത്ത്തരാൻവേണ്ടിയായിരുന്നു.മണി ഓർഡറാണെങ്കൽ അയാൾ കോണിപ്പടി കയറി നേരെ കോലായിലേക്ക് കയറി വരും.

   ഭദ്രമായി തുകലിൽ പൊതിഞ്ഞടുക്കിയ കത്തുകളുടെ അടരുകളിൽ നിന്നും കട്ടിയുള്ള എം.ഒ ഫോറം എടുത്ത് മേശമേൽ നിവർത്തി വെക്കും. അമ്മ ഏതോ അമൂല്യ നിധി കൈപ്പറ്റാനെന്ന പോലെ മുന്നിലേക്ക് വരും. 

     സ്വർണ്ണ നിറത്തിലുള്ള മൂടിയുള്ള ഹീറോ പേന തുറന്ന് ശിപായി അമ്മയെ കൊണ്ട് ഒപ്പ് വെപ്പിക്കും.പിന്നെ തുകൽ ബേഗിൽ നിന്നും ഒരു ചതുര ഡബ്ബി തുറന്ന് അതിൽ അമ്മയുടെ വിരൽ ഉരച്ച്‌ വിരലടയാളം പതിപ്പിക്കും.

  തുടർന്ന് മാന്ത്രികനെ പ്പോലെ അയാൾ തോൾസഞ്ചിയിൽ കൈയിട്ട് എണ്ണി തിട്ടപ്പെടുത്തിയ പോലെ ഏതാനും നോട്ടുകെട്ടുകൾ നീട്ടും. അമ്മ വിറക്കുന്ന കൈകളോടെ അത് ഏറ്റുവാങ്ങും. ഫോറത്തിൻ്റെ അറ്റത്തു നിന്നും സ്കെയിൽ വെച്ച് മുറിച്ച ഒരു ചിന്ത് ചീള് കുടി അമ്മയ്ക്ക് നൽകും. മുണ്ടിൻ്റെ കോന്തലയിൽ നിന്നും അഞ്ചു രൂപ നോട്ട് എടുത്ത് ശിപായിക്ക് കൊടുക്കുന്നതോടെ

ഒരു ചടങ്ങ് കഴിഞ്ഞ പ്രതീതി അവിടെ പരക്കും.  

       ബോംബെ വെസ്റേറൺ റെയിൽവേയിൽ ജോലിയുള്ള അച്ഛൻ അയക്കാറുള്ള കത്തുകളുടെ ആദ്യ വായനക്കാരി എൻ്റെ ചേച്ചിയായിരുന്നു. അപ്പു വൈദ്യര് കുറിച്ചു തരാറുള്ള തറി മരുന്നിൻ്റെ ചാർത്തു പോലുള്ള അച്ചൻ്റെ കൈയക്ഷരം വായിച്ചെടുക്കാനുള്ള കഴിവ് ചേച്ചി സ്വായത്തമാക്കിയിരുന്നു.അമ്മ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ്, കോന്തല കൊണ്ട് തുടച്ച് സാകൂതം മകളെ നോക്കിയിരിക്കും. പാറു അമ്മൂമ്മ ഉമ്മറ തിണ്ണയിൽ തൂണും ചാരി ഇരിക്കും. അച്ഛൻ്റെ അദൃശ്യ രൂപവും സാന്നിധ്യവും എൻ്റെ കുഞ്ഞ് മനസ്സിൽ തിടം വെക്കാൻ തുടങ്ങും.

     വീടിൻ്റെ ചെത്തി തേക്കാത്ത കൽചുമരിൽ ദൈവത്തിൻ്റെ ചില്ലിട്ടു തൂക്കിയ പടമോഏതെങ്കിലും ഫോട്ടോയോ എന്തിനേറെ നാളും പക്കവും നോക്കാൻ

ഒരു കലണ്ടർ പോലും ഉണ്ടായിരുന്നില്ല.

വെയിൽ തിണ്ട് കയറുന്നതും ചേതി കയറുന്നതും നോക്കി അമ്മൂമ്മ നേരം

കണക്കാക്കുമായിരുന്നു. അതല്ലാം ഒരു കാലം.

   

     വീടിൻ്റെ വടക്കേ തൊടിയോട് ചേർന്നൊഴുകുന്ന പുഴയിൽ വെള്ളത്തിൻ്റെ കയറ്റിറക്കങ്ങളും വരണ്ട മണൽപ്പരപ്പും കണ്ടും അർമാദിച്ചും

നീന്തി തുടിച്ചും പരൽ മീനിനെ പിടിച്ചും

കളി ബഹളങ്ങളിലൂടെ ഒത്തിരി മഴക്കാലങ്ങളും വേനലവധികളും കൊഴിഞ്ഞു. പുഴയും വഴിയും വയലും തോടും ഒന്നായി മാറുന്ന തുലാവർഷപെയ്ത്തുകൾ കണ്ടു.

    വെയിൽ ചാഞ്ഞ ഒരു വൈകുന്നേരം കറുത്ത ഷൂഷും വെള്ള ഷർട്ടും മൂത്ത പ്ലാവിലയുടെ നിറമുള്ള കരിമ്പച്ച പാൻ്റും ധരിച്ച ആരോ പുരയിലേക്ക് കയറി വന്നു.

ക്ഷൗരം ചെയ്തു മിനുക്കി ഗോപിക്കുറിചാർത്തിയ മുഖത്ത് കറുത്ത കാലുള്ള കണ്ണട.

മുടി ഓടപ്പൂ പോലെ വെളുത്തിരുന്നു. വലിയ ട്രങ്ക് പെട്ടിയും പെട്ടകങ്ങളും തലച്ചുമടേററി ,വിശാലമായ മുതിയങ്ങവയലിൻ്റെ നെടു വരമ്പുകൾ താണ്ടി, കൂടെ രണ്ട് പെണ്ണുങ്ങളും.

     അച്ചുമാമൻ വന്നേ എന്ന്പറഞ്ഞ് ബന്ധുക്കളും അയൽക്കാരും

വരാൻ തുടങ്ങി. വെറ്റിലചെല്ലവും വെടിപറച്ചിലും പൊട്ടിച്ചിരിയുമായി പുരനിറഞ്ഞു. ചായയും പലഹാരവും നിരന്നു .ബന്ധുക്കളേയും പിരി ശക്കാരേയും തക്കരിച്ച്അമ്മ അടുക്കളിയിൽ തീ ഊതി തളർന്നു.അമ്മമ്മ ചട്ടക്കാലിൽ തുള്ളി തുള്ളി നടന്നു. എൻ്റെ സന്ദേഹം

വിടർന്ന കണ്ണകളിലേക്ക് നോക്കി ചേച്ചിയും ചേട്ടനും പറഞ്ഞു: "ഞമ്മള അച്ചനാ..."

    അച്ഛന് മക്കളോട് കുശലം പറയാനോ

ഭാര്യയോട് കിന്നരിക്കാനോ

വിധവയായ പെങ്ങളോട് സംവദിക്കാനോ

സമയം അനുവദിച്ചിരുന്നില്ല.

അല്ലെങ്കിൽ തന്നെ ആ പഴയ കാലത്ത്

അത്തരം പൊങ്ങച്ച കാഴ്ച്ചകളൊക്കെ

തീർത്തും അർത്ഥശൂന്യവും.

    അച്ഛൻ്റെ പെങ്ങളെ ഓർമ്മവെച്ച നാൾ മുതൽ ഞാൻ അമ്മമ്മേ എന്ന് വിളിച്ചു പോന്നു.ഞങ്ങൾ കുട്ടികൾക്ക് അവരവരുടെതായ

കൊച്ചു കൊച്ചു ലോകങ്ങൾ.....

     അമ്മയുടെ മറപറ്റി നിന്ന് ഞാൻ അച്ഛനെ പേടിയോടെ നോക്കി. നമുക്ക് മധുര മിഠായി കിട്ടുമായിരിക്കും എന്നൊന്നും കരുതാനുള്ള പൂർവ്വ ഓർമ്മകളൊന്നുമില്ല.

    വേഷം മാറാൻ നോക്കവേ പാൻ്റിൻ്റെ കീശയിൽ നിന്നും എടുത്ത ബിസ്ക്കറ്റ് എനിക്ക് നേരെ നീട്ടി.തീവണ്ടിയാത്രയിൽ വിശപ്പാറ്റാനോ കരയുന്ന കൊച്ചുകുട്ടികൾക്ക് നൽകാനോ കരുതിയതായിരിക്കാം.പൊട്ടിയതും പൊട്ടാതതുമായ വൃത്താകൃതിയിലുള്ള അരികിൽ ചിത്രപ്പണികളോട് കൂടിയ ബിസ്ക്കറ്റ്. ആദ്യമായി കാണുകയാണ്. രുചി എന്തായിരിക്കും? 

     കുഞ്ഞുകൈകളിൽ കൂട്ടി പിടിച്ച് അമ്മയുടെ വിയർപ്പു മണംപററി നിന്ന് ബിസ്ക്കറ്റ് തിന്നാൻ തുടങ്ങി.അപ്പൊഴാണ് എൻ്റെ കളി കൂട്ടുകാരനും സഹപാഠിയും ബന്ധുവുമായ അയലത്തെ രമേശനെ അച്ഛൻ കൈകൊട്ടി വിളിച്ചത്..

   അവൻ വിളിക്കു കാതോർത്തതു പോലെ ശരംതൊടുത്തതു കണക്കെ ഓടി വന്നു.അവൻ്റെ പുറത്തു തട്ടി വിശേഷങ്ങൾ തിരക്കി. കൈ പിടിച്ചുകുലുക്കി ."സബാഷ് "എന്ന് ഒച്ചയിട്ടു ചിരിച്ചു.

      എൻ്റെ കണ്ണീർ പാളിക്കുള്ളിലൂടെ

ചിതറിയ ചിത്രമായി ആ രംഗം പരിണമിച്ചു. കരളിൻ്റെ ചുമരിൽ കരിക്കട്ട കൊണ്ട് കോറിവരഞ്ഞ ഒരു ചിത്രം!

   കണ്ണീരു വീണ് കുതിർന്ന ബിസ്ക്കറ്റിന് യാതൊരവിധ രുചിയും ഇല്ലായിരുന്നു.

ഉള്ളംകൈയിൽ ഞെരിച്ചമർത്തി അത് പൊടിപൊടിയായ് താഴെക്ക് വീഴ്ത്തി

കളഞ്ഞു.

      ആളും ആരവവും ഒഴിഞ്ഞ് ശാന്തമായ സന്ധ്യയിൽ അമ്മൂമ്മ സന്ധ്യാ ദീപം കൊണ്ടു വരുന്നേ... കൊണ്ടു വരുന്നേ....എന്ന് ഉരുവിട്ട് താളത്തിൽ ചട്ടക്കാലിൽ തുള്ളികൊണ്ട് കോലായിൽ ദീപം കൊളുത്തി. 

        കുളിച്ച് വേഷം മാറിയ അച്ഛൻ വടക്കോട്ടു നോക്കി ദീപം തൊഴുതു. ഞങ്ങൾ അനുസരണയുള്ള കുട്ടികളായി രാമനാമം ജപിച്ചു. അകത്തെ കൊത്തുപണികുള്ള മച്ചകത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന നക്ഷത്രചിഹ്നമുള്ള രാമായണം പകുത്ത് അച്ഛൻ പാരായണം തുടങ്ങി.

     ഒരു പക്ഷെ, പഴയ ഗന്ധങ്ങളും ശീലങ്ങളും തിരിച്ചുപിടിക്കാനുള്ള ആർത്തി ആയിരുന്നിരിക്കാംഅതൊക്കെ.

വലുതും ചെറുതും കുപ്പികളോട് കുടിയ

മണ്ണെണ്ണ വിളക്കുകളും മുട്ട വിളക്ക് എന്ന പേരിലറിയപ്പെട്ട ഉണ്ട വിളക്കുകളും ഉണ്ടായിരുന്നു. അവരവർക്കവകാശപ്പെട്ട

വിളക്കുകളുമായി ഞങ്ങൾ പഠിക്കാനിരിക്കും. അച്ഛനു മുന്നിൽ വെറും

അഭിനയം മാത്രം.

     പാഠപുസ്തകത്തിൽ നോക്കി കോട്ടുവാ ഇടുന്ന മുന്നാം ക്ലാസുകാരനായ എൻ്റെ അരികിലേക്ക് അച്ചൻ ബോംബയിൽ നിന്നും കൊണ്ടുവന്ന കൊച്ചു ക്ലാസുകളിലെ ഇംഗ്ലിഷ് വർണ്ണചിത്ര പുസ്തകങ്ങളുമായി വരും.മകനെ സായിപ്പാക്കാനുള്ള പുറപ്പാടാണ്.

   മലയാളം പോലും ശരിയാം വിധം വകതിരിവില്ലാത്ത ABCD കേട്ടുകേൾവി

മാത്രമുള്ള എനിക്ക് ശരിക്കും പറഞ്ഞാൽ

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന

ഏർപ്പാടായിരുന്നു അത്.

  അച്ഛൻ്റെ ഉറച്ചുള്ള ഇംഗ്ലിഷ്ഉച്ചാരണവും ഉച്ചത്തിലുള്ള ഒച്ചയും എന്നെ ഏങ്ങലടിയുടെ വക്കിലെത്തിക്കും. എൻ്റെ തൊണ്ട ഇടറും. വരണ്ട മനസ്സ് ആശ്വാസത്തിനായി കൊതിക്കും. അമ്മൂമ്മയെ ഇടം കണ്ണിട്ട്

നോക്കും."ഓനിന്നത്ര പഠിച്ചാ മയി"എന്ന് പറഞ്ഞു കിട്ടേണ്ട താമസം

ഞാൻ ഓടി അമ്മൂമ്മയുടെ ശുഷ്കിച്ച മാറിടത്തിലേക്ക് ചായും.

      വെററിലതുമ്മാൻ്റെയും കാച്ചിയ എണ്ണയുടെയും ബീഡിപുകയുടെയും(അമ്മമ്മയും ചുറ്റുവട്ടമുള്ള ചില പെണ്ണുങ്ങളും ബീഡി വലിക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമായിരുന്നു) നടുവകത്തെ തൂക്കുവിളക്കിലെ വെളിച്ചെണ്ണയിൽ ചൂണ്ടാണിവിരലാഴ്ത്തി അണച്ചു കളഞ്ഞ അന്തിരിയുടെ കരിഞ്ഞ ഗന്ധവുംഎന്തൊരാശ്വാസമായിരുന്നു .

     ഞങ്ങളുടെ സ്വാതന്ത്ര്യത്തിൻ്റെ അതിരുകൾ അച്ഛനെന്ന മതിലിനാൽ

ചുറ്റപ്പെട്ടിരിക്കുന്നു. വാടാമല്ലി പൂവിൽ നിന്നും വർണ്ണ ചിറകൊടിഞ്ഞു താഴെ വീണു പിടയുന്ന പൂമ്പാറ്റയെ ഞാൻ പല രാത്രികളിലും സ്വപ്നം കണ്ടു. അച്ഛൻ

ലീവ് കഴിഞ്ഞ് തിരിച്ചു പോകാറുള്ള

രണ്ട് മാസക്കാലത്തിന് നമുക്ക് കൊല്ല' പരീക്ഷയുടെ ദൈർഘ്യമുണ്ടായാരുന്നു.

   അമ്മയുടെ സ്നേഹതണലിൽ

അമ്മമ്മയുടെ ശകാര കരുതലിൽ

കുട്ടുകാരൊത്തുള്ള കളി ബഹളങ്ങളിലുടെ

എൻ്റെ ബാല്യകാലം ഒലിച്ചുപോയി.

       കാലം ആർക്കുവേണ്ടിയും കാത്തു നിന്നില്ല. ജീവിത നാടകത്തിലെ വേഷങ്ങൾ അഴിച്ചു വെച്ച് വേണ്ടപ്പെട്ടവരെല്ലാം അരങ്ങൊഴിഞ്ഞു. അച്ഛനും അമ്മയും അമ്മൂമ്മയും ഓർമ്മത്താളിലെ നിത്യവിസ്മയങ്ങളായി മാറി. മറ്റുള്ളവരിൽ പലരും ജീവിത ഭാരം ചുമലേററി ഓരോ ലക്ഷ്യങ്ങളിലേക്ക് വഴി പിരിഞ്ഞ് സഞ്ചരിക്കുന്നു.

     വർഷങ്ങൾക്കിപ്പുറവും വല്ലപ്പൊഴും "മേരിബി സ്ക്കറ്റ്" ചായക്കൊപ്പം കഴിക്കാനൊരുങ്ങവേ പഴയ അരുചി

ചവർപ്പായി തൊണ്ടയിൽ വന്നു തടയുന്നു

No posts

Comments

No posts

No posts

No posts

No posts